ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി. ജയില്‍ മാറണമെന്ന് ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014 ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു.
അമീറുളിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണനയ്ക്കായി സുപ്രിം കോടതി മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുള്‍ സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
അസമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കുടുംബാംഗങ്ങളെ കാണുകയെന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണമെന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അമീറുള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണിതെന്ന് അമീറുളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2014 ലെ ജയില്‍ ചട്ടത്തിലെ 587ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍, കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിഭാഷകരായ കെ പരമേശ്വര്‍, ശ്രീറാം പറക്കാട്, സതീഷ് മോഹനന്‍ എന്നിവരാണ് അമീറുളിനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.
ഭാര്യയും മാതാപിതാക്കളും അസമിലാണ് ഉള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. വധശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.