ആലുവ :പെരുമ്പാവൂര്‍ ദേശസാൽകൃത റോഡിൽ ദിവസങ്ങളായി ഗതാഗത തടസം രൂക്ഷം. ചാലയ്ക്കൽ പകലമറ്റം മുതല്‍ പൈപ്പിടുന്ന ജോലികൾ ആരംഭിച്ചിരിക്കുന്നതിനാലാണ് റോഡില്‍ ഗതാഗത തടസം അതിരൂക്ഷമായത്.
പകലമറ്റം ബസ് സ്റ്റോപ്പ് മുതൽ റോഡിന്റെ ഒരു ഭാഗത്ത് ആരംഭിച്ച പൈപ്പിടൽ ജോലികൾ ഇപ്പോൾ ഏറെ തിരക്കേറിയ മഹിളാലയം ജംഗ്ഷന് വരെ എത്തിനില്‍ക്കുന്നു. ഇതോടൊപ്പം റോഡിന്റെ മറുവശത്തും പൈപ്പിടൽ ജോലികൾ ആരംഭിച്ച് ചാലക്കല്‍ പതിയാട്ട് കവലവരെ എത്തി.
ഇതോടെ രൂക്ഷമായ ഗതാഗത തടസം മൂലം മണിക്കൂറോളം റോഡില്‍ കിടക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. റോഡിന്റെ ഒരു ഭാഗത്തെ പൈപ്പിടല്‍ ജോലികള്‍ തുടരുന്നതോടൊപ്പം മറുവശത്തും പൈപ്പിടൽ ജോലികൾ ആരംഭിച്ചതോടെയാണ് ഗതാഗത തടസം രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തതോടെ പൈപ്പിട്ടു മൂടിയ കുഴിയിൽ വാഹനങ്ങൾ താഴ്ന്ന് അപകടത്തിൽപ്പെട്ട സംഭവങ്ങളും ഉണ്ടായി. കൂടാതെ പൊടി ശല്യവും രൂക്ഷമാണ്. ജെസിബികള്‍ ഉപയോഗിച്ചാണ് പൈപ്പിടുന്നതിനായി കുഴിയെടുക്കുന്നതും പൈപ്പിട്ട്
കുഴിമൂടുന്നതും. പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ കുടഴിമൂടാത്തതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഒരു ഭാഗത്ത് പണി തീര്‍ന്നശേഷം റോഡിന്റെ എതിര്‍ഭാഗത്തെ പണി ആരംഭിച്ചാൽ ഗതാഗത തടസം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ശരിയായ രീതിയിൽ കുഴി മൂടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.രൂക്ഷമായ ഗതാഗതടസ്സും ഉണ്ടാവുന്ന വൈകുന്നേരങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിനെ ഏര്‍പ്പെടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.