പേസ്‌മേക്കര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഉള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. പേസ്‌മേക്കര്‍ ഉള്‍പ്പെടെയുള്ള ഇംപ്ലാന്റഡ് മെഡിക്കല്‍ ഡിവൈസുകള്‍ ശരീരത്തിലുള്ളവര്‍ തങ്ങളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നെഞ്ചില്‍ നിന്നും കുറഞ്ഞത് ആറിഞ്ച് അകലത്തില്‍ പിടിക്കണമെന്നാണ് ആപ്പിള്‍ നല്‍കുന്ന നിര്‍ദേശം.
ആപ്പിള്‍ ഐ ഫോണുകള്‍ മാത്രമല്ല ഐ പോഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, ഹോം പോഡുകള്‍, മാക്, ഐപാഡ്, ബീറ്റ്‌സ് എന്നിവയില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും ആപ്പിള്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുള്ളത്.
2020 ഒക്ടോബറില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആപ്പിള്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് മുതലാണ് വിഷയം സജീവ ചര്‍ച്ചയായിരുന്നത്. ആപ്പിള്‍ ഡിവൈസിലെ കാന്തങ്ങള്‍ക്ക് ഡീഫിബ്രിലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനോ പേസ്‌മേക്കറുകളുടെ പ്രവര്‍ത്തനം പെട്ടെന്ന് നിര്‍ത്തി വയ്ക്കാനോ സാധിക്കുമെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു പഠനവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി ആപ്പിള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.