കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നുവെന്ന് വീണാ ജോർജ് പറഞ്ഞു. സമാനമായ കേസുകൾക്ക് ഈ വിധി മാതൃകയാണെന്നും ഒരു കുഞ്ഞും ആക്രമിക്കപ്പെടരുതെന്നും അവർ വ്യക്തമാക്കി.
അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്.
കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചിരുന്നു.