പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീർന്നു. കേസിലെ തുടർ നടപടികൾ പൊലീസ് അവസാനിപ്പിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നാണ് കോടതിയുടെ നിർദേശം
ഐപിസി 379 വകുപ്പ് പ്രകാരമായിരുന്നു പൊലീസുകാരനായ പി വി ഷിഹാബിനെതിരെ പൊലീസ് കേസ് എടുത്തിരുന്നത്. ഈ കേസിൽ തനിക്ക് പരാതി ഇല്ല എന്ന് കാണിച്ചാണ് കാഞ്ഞിരപ്പളിയിലെ വ്യാപാരി നാസർ കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇത് പ്രകാരം റിപ്പോർട്ട് പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരമാണ് കേസ് ഇന്നത്തേക്ക് പരിഗണിച്ചത്. കേസ് റദ്ദാക്കാനുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതൊരു സ്വാഭാവിക നടപടിയാണെന്നാണ് അഭിഭാഷകർ പറയുന്നത്.
പരാതിക്കാരന് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയാൽ കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ റദ്ദാക്കാനുള്ള അവകാശം കോടതിക്ക് ഉണ്ട്. പ്രതിയുമായി ബന്ധപ്പെട്ട് മറ്റു പരാതികൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു.