തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പത്താംമണിക്കൂറിലേക്ക്. മേരിയുടെ സഹോദരന്റെ മൊഴിയിലും വൈരുധ്യമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. സ്കൂട്ടറിലെത്തിയവർ ചോക്ലേറ്റ് നൽകി കുട്ടിയെ കൊണ്ടുപോയെന്നായിരുന്നു ആദ്യമൊഴി. പിന്നീട് തട്ടിക്കൊണ്ടുപോയെന്ന് കുട്ടികൾ തിരുത്തിയതായി പൊലീസ് അറിയിച്ചു.
കേസില്‍ എല്ലാവശവും പരിശോധിക്കുന്നുവെന്ന് കമ്മിഷണര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് സമയമെടുക്കുമെന്നും പ്രാഥമികവിവരങ്ങള്‍ പ്രകാരം പലവശങ്ങള്‍ പരിശോധിക്കുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു. കുട്ടിയുടെ സഹോദരന്‍ പറഞ്ഞ പ്രകാരം സ്കൂട്ടറില്‍തന്നെയാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും കൃത്യമായ ലീഡ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്നവര്‍, ലോറി ഡ്രൈവര്‍മാര്‍ എന്നിവരുടെ മൊഴിയെടുക്കുകയാണ്. സ്കൂട്ടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് മേരിയുടെ മൂത്തസഹോദരന്‍ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോള്‍ ഇളയസഹോദരന്‍ പറഞ്ഞ അറിവെന്ന് തിരുത്തി.
പൊലീസ് നായ കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ വരെ പോയിരുന്നു എന്നാല്‍ സഹോദരന്‍റെ മൊഴിയില്‍ പറയുന്ന വഴിയിലൂടെയല്ല പൊലീസ് നായ പോയത്. നായ പോയത് സ്കൂട്ടര്‍ പോയെന്ന് കുട്ടി പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെയായിരുന്നു. കുട്ടിക്കായി സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തും ചതുപ്പിലും പരിശോധനയുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സമീപത്ത് രാത്രി ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നത്.