ആലപ്പുഴ: ഒപ്പം താമസിച്ച സ്ത്രീയുടെ 12 വയസ്സിൽ താഴെയുള്ള പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവിന് അഞ്ചുവർഷം കഠിനതടവ്. വിവരം ഒളിപ്പിച്ചതിന് അമ്മയ്ക്ക് മൂന്നുമാസം തടവ്. പത്തനംതിട്ട ആനയടി തെങ്ങമംതോട്ടു കോളനി സുകുഭവനം ഉമ്മച്ചനെ(സുമേഷ് -25)യാണ് ആലപ്പുഴ സ്പെഷ്യൽ ജഡ്‌ജി റോയ് വർഗീസ് ശിക്ഷിച്ചത്.
2022-ൽ മണ്ണഞ്ചേരി പോലീസ് രജിസ്റ്റർചെയ്ത പോക്സോ കേസിലാണ് ശിക്ഷ. യുവാവിനെതിരേ മൂന്നു കേസുകൾ രജിസ്റ്റർചെയ്തിരുന്നു. ഈ കേസുകളിൽ ഒപ്പം താമസിച്ചുവന്ന സ്ത്രീ രണ്ടാം പ്രതിയാണ്. രണ്ടു കേസുകളിലാണ് സുമേഷിനെ ശിക്ഷിച്ചത്.
അമ്മയുടെ കൂടെ തിരുവനന്തപുരത്തേക്കു യാത്രചെയ്യവേ ദേഹാസ്വാസ്ഥ്യം ഉണ്ടായി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടികൾ അധികൃതരോടു വിവരം വെളിപ്പെടുത്തിയത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്തു. ഇൻസ്പെക്ടർ പി.കെ. മോഹിതാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.