അർജന്റീനയുടെ വിജയത്തിനിടയിലും മെസിയുടെ പെനൽറ്റി നഷ്ടം ഒരു റെക്കോർഡുകൂടി സൃഷ്‌ടിച്ചു. ലോകകപ്പിൽ രണ്ട് പെനൽറ്റി കിക്കുകൾ നഷ്ടപ്പെടുത്തുന്ന ആദ്യ താരമായി മെസി മാറി. കഴിഞ്ഞ ലോകകപ്പിൽ ഐസ്‍ലൻഡിനെതിരെയും മെസി പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
ഒരു പക്ഷേ അർജന്റീന നോക്കൗട്ടിലെത്താതെ പുറത്തായിരുന്നെങ്കിൽ തോൽവിയുടെ എല്ലാ ഭാരവും മെസിയുടെ തലയിലായേനെ. ഈ പെനൽറ്റി ഗോളാക്കി മാറ്റി അർജന്റീന ജയിച്ചിരുന്നെങ്കിലും വിജയത്തിന് മാറ്റ് കുറഞ്ഞേനേ. ഏതായാലും മെസി പെനൽറ്റി നഷ്ടമാക്കിയിട്ടും അർജന്റീന ജയിക്കുന്ന സുന്ദര നിമിഷമായിരുന്നു ഇന്നലെ ഖത്തറിൽ കണ്ടത്.
മെസിയുടെ അഞ്ചാം ലോകകപ്പാണ് ഖത്തറിലേത്. ഒരുപക്ഷെ അവസാനത്തേതും. എന്നാൽ പോളണ്ടിനെതിരായ ജയത്തോടെ കരിയറിന്റെ പുതിയ ഉയരങ്ങളിൽ അർജന്റീനൻ നായകൻ ലയണൽ മെസി എത്തി. അർജന്റീനക്കായി ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച ഡിയാഗോ മറഡോണയുടെ റെക്കോർഡ് മെസി മറികടന്നു. ലോകകപ്പിലേത് മെസിയുടെ 22ാം മത്സരമായിരുന്നു പോളണ്ടിനെതിരെ. അർജന്റീനക്ക് വേണ്ടി 21 ലോകകപ്പുകളിലാണ് മറഡോണ ബൂട്ടുകെട്ടിയത്.
അർജന്റീന മത്സരത്തിലുടനീളം ഇരുപത്തിമൂന്ന് ഷോട്ടുകളാണ് തൊടുത്തത്. പതിമൂന്നെണ്ണം പോസ്റ്റിലേക്കെത്തി. ഇതിൽ പതിനൊന്നും മെസിയുടെ കാലിൽനിന്ന്. മെസിയെ വളഞ്ഞിട്ട് പ്രതിരോധിച്ചെങ്കിലും അതെല്ലാം ഭേദിച്ച് മെസി പലവട്ടം ഗോൾമുഖത്ത് എത്തി.