പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ; ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25

ബഹിരാകാശ ദൗത്യങ്ങളില്‍ പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ. ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ചന്ദ്രനിലേക്ക് സോഫ്റ്റ്‌ലാന്‍ഡിങ് റഷ്യ നടത്താന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഈ ദൗത്യം കുതിച്ചുയരുന്നത്.

1959ല്‍ ലൂണ 1 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേവര്‍ഷം തന്നെ ലൂണ 2 ലാന്‍ഡിങ് നടത്തിയിരുന്നു. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ഇടിച്ചിറക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിലെത്തുന്ന ആദ്യ മനുഷ്യ വസ്തുവാണ് ലൂണ 2. 1966ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 9 ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തി. പിന്നീട് ലൂണ 13 വരെ ഇത് തുടര്‍ന്നു. ഈ പാരമ്പര്യപ്പെരുമയിലാണ് ലൂണ 25 ചന്ദ്രനിലേക്ക് കുതിക്കുന്നത്.

1973ല്‍ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാന്‍ഡര്‍ ദൗത്യങ്ങള്‍ ഒന്നുംതന്നെ ചന്ദ്രനിലേക്ക് അയച്ചിട്ടില്ല. 2013ല്‍ ചൈന ചാങ് ഇ 3 ചന്ദ്രനിലിറക്കി ഇതിന് വിരാമമിട്ടു. വെള്ളിയാഴ്ച കുതിച്ചുയരുന്ന ലൂണ 25 അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്തുകയും ചെയ്യും.

ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങ്ങിനു മുന്‍പോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടും. 1971ല്‍ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം സല്യൂട്ട് 1 വിക്ഷേപിച്ചതു സോവിയറ്റ് യൂണിയനായിരുന്നു. ഈ പദ്ധതി 1982ലാണ് അവസാനിപ്പിച്ചത്. സല്യൂട്ട് 7 ആയിരുന്നു അവസനാത്തെ ദൗത്യം.

അതേസമയം ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ഇപ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുകയാണ്. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp