പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരുമാണ്. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്.
നവംബറിൽ ആകെ 3.64 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരും. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തിൽ രണ്ട് ലക്ഷം കവിയുന്നതും ഇതാദ്യമാണ്. ടൂറിസം സീസൺ ആരംഭിച്ചതും ക്രിസ്മസ് – പുതുവത്സര അവധിയും പ്രമാണിച്ച് ഈ മാസം യാത്രക്കാരുടെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത.
എല്ലാ യാത്രക്കാർക്കും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയർപോർട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഒക്ടോബറില്‍ കമ്മിഷൻ ചെയ്തിരുന്നു. പുതിയ റൺവേ റബ്ബർ ഡെപ്പോസിറ് ആൻഡ് പെയിന്റ് റിമൂവൽ മെഷീൻ റൺവേയിലെ അപകടകരമായ വസ്തുക്കളും പഴയ മാർക്കിങ്ങുകളും നീക്കാനും ഉപയോഗിക്കാനാണിത്.