കലാപമല്ല. പ്രതിപക്ഷം നടത്തിയത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മന്ത്രി കെ രാജൻ. പ്രതിപക്ഷം പ്രതീക്ഷിച്ച വിധത്തിലല്ല സദസ്സ്. അതുകൊണ്ടാണ് കലാപം നടത്തുന്നത്. കലാപമല്ല, യുദ്ധത്തിനുള്ള ആഹ്വാനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.
പ്രതിപക്ഷ അംഗങ്ങളെ ഇപ്പോഴും മുഖ്യമന്ത്രിയുൾപ്പടെ സദസ്സിലേക്ക് സ്വാഗതം ചെയ്യുകയാണ്. എങ്ങനെ ഈ ഗവൺമെന്റിനെ തകർക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. അതിന് ആരെയെല്ലാമോ കൂട്ടുപിടിക്കാമോ അവരെയെല്ലാം കൂട്ടുപിടിക്കും. അതിന്റെ ഉദാഹരണമാണ് കെ പി സി സി പ്രസിഡന്റിന്റെയും യു ഡി എഫ് കൺവീനറിന്റെയും ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട്.
ആരാണോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അവർക്കെതിരെ കേസെടുക്കും. പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുന്നതിൽ ഗവൺമെന്റിന് ഒരു നേട്ടവുമില്ല. അത് പൊലീസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.
മാർച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിൻ്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ പ്രവർത്തകരെ പൊലീസ് തടഞ്ഞുവച്ചു. അതുകൊണ്ടാണ് ഇത്ര വലിയ സംഘർഷമുണ്ടായത്. പൊലീസിനൊപ്പം യൂത്ത് കോൺഗ്രസ് സമരത്തെ അടിച്ചമർത്താനാവില്ല. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെൺകുട്ടികളെ ‘മോളേ, കരയല്ലേ’ എന്നുപറഞ്ഞ് പൊലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെൺകുട്ടികളുടെ വസ്ത്രം വലിച്ചുകീറി. പൊലീസിനെ അഴിഞ്ഞാടാൻ വിടുന്നതിന് പിണറായി വിജയൻ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് കരുതണ്ട. ശക്തമായ പ്രതിഷേധമുണ്ടാവും. പ്രവർത്തരെ അടിച്ചാൽ അവർക്കൊപ്പമിറങ്ങും. പൊലീസ് സംയമനം പാലിച്ചില്ല. ഒരു പെൺകുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ഞങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നത് എന്നും സതീശൻ കൂട്ടിച്ചേർത്തു.