ഐഎസ്എലിൽ മുംബൈതിരെ പൊരുതിവീണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യ എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈയോട് കീഴടങ്ങിയത്. മുംബൈയ്ക്കായി പെരേര ഡിയാസും അപുയയും സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഡാനിഷിൻ്റെ ആദ്യ ഗോളാണ് ഇത്.
മുംബൈയുടെ ആധിപത്യത്തോടെയാണ് കളി ആരംഭിച്ചത്. കൃത്യമായ പന്തടക്കവും ആക്രമണോത്സുകതയും കാണിച്ച മുംബൈയെ പലപ്പോഴും പ്രതിരോധവും ഗോളി സച്ചിൻ സുരേഷുമാണ് പിടിച്ചുനിർത്തിയത്. ഇടക്കിടെ ബ്ലാസ്റ്റേഴ്സ് അവസരങ്ങളൊരുക്കിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മുംബൈ, ബ്ലാസ്റ്റേഴ്സ് പ്രതിരോധം മറികടന്നു. നിരാശയും ഗോൾ കീപ്പറിൻ്റെ പിഴവും മുതലെടുത്തായിരുന്നു ഡിയാസിൻ്റെ ഫിനിഷ്.
രണ്ടാം പകുതിയിൽ കുറച്ചുകൂടി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. 57ആം മിനിട്ടിൽ ഡാനിഷ് ഫാറൂഖിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ഇടതു പാർശ്വത്തിൽ നിന്ന് സന്ദീപ് നൽകിയ ക്രോസിൽ തല വച്ചായിരുന്നു ഗോൾ. സമനില ഏറെനേരം നീണ്ടില്ല. 9 മിനിട്ടിനുള്ളിൽ അപുയയിലൂടെ മുംബൈ ലീഡ് തിരിച്ചുപിടിച്ചു. ഇതും പ്രതിരോധത്തിൻ്റെ പിഴവിൽ നിന്നായിരുന്നു. ബോക്സിലേക്കെത്തിയ ഹൈ ബോൾ ക്ലിയർ ചെയ്യാൻ പ്രിതം കോട്ടാലിനു കഴിഞ്ഞില്ല. അവസരം മുതലെടുത്ത് അപുയ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. 78ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം. എന്നാൽ, ലൂണയുടെ ക്രോസിൽ നിന്ന് ക്വാമെ പെപ്രയുടെ ഹെഡർ ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തുപോയി. തുടർന്നും ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിഞ്ചിചും മുംബൈ സിറ്റിയുടെ വാൻ നീഫും ചുവപ്പ് കണ്ട് പുറത്ത് പോയി.
ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സ് 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി നാലാമതാണ്. 7 പോയിന്റുള്ള മുംബൈ സിറ്റി രണ്ടാമതുണ്ട്.