ബജറ്റ് ടൂറിസത്തിന് സ്വന്തം ബസുകളിറക്കി കെ.എസ്.ആര്‍.ടി.സി. വിനോദസഞ്ചാരമേഖലയില്‍ പുത്തന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ബസുകള്‍ തയ്യാറാക്കുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഓര്‍ഡിനറി ബസുകളാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. ബസുകളുടെ കുറവ് ട്രിപ്പുകളെ ബാധിക്കുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അടുത്ത ഘട്ടത്തില്‍ പുതിയ ഇ- ബസുകള്‍ ഇറക്കാനും ആലോചനയുണ്ട്.
ആദ്യഘട്ടത്തില്‍ മൂന്നാര്‍, കൊട്ടാരക്കര, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍നിന്ന് മൂന്ന് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ പഴയ ബസുകള്‍ നവീകരിച്ചാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഡീലക്സ് എയര്‍ബസുകളില്‍ പുഷ്ബാക്ക് സീറ്റ്, ചാര്‍ജിങ് പോയിന്റുകള്‍, എയര്‍ സസ്പെന്‍ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നുമായി 12000 പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്നത്. ഓണാവധിക്കാലത്ത് 150 സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്കു മുന്‍പുതന്നെ പാക്കേജുകളുടെ ബുക്കിങ് പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സര്‍വീസുണ്ട്. വരുമാന ഇനത്തില്‍ ആദ്യ വര്‍ഷം മൂന്നു കോടിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ 16 കോടിയും പിന്നിട്ടെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ കണക്ക്. അന്തസ്സംസ്ഥാനയാത്രകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഡിസംബറില്‍ സംസ്ഥാനത്തെത്തും. തുടക്കത്തില്‍ രണ്ടു ബസുകളെത്തും. ഇരുനിലബസുകളുടെ മുകള്‍നിലയില്‍ ചെറിയ പാര്‍ട്ടിയും മറ്റ് ആഘോഷങ്ങളും നടത്താനുള്ള സൗകര്യവും ഒരുക്കും.