പ്രധാനമന്ത്രിക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം; 15 ആനകൾ അണിനിരക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.

മിനിപൂരത്തിൽ പതിനഞ്ച് ആനകൾ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അടുത്തവർഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പറമേക്കാവ് ക്ഷേത്രത്തിന്റെ മുൻപിൽ മിനിപൂരം സംഘടിപ്പിക്കാനാണ് പറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.

തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാനാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നീക്കം. വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. തൃശ്ശൂർ പൂരം എക്സിബിഷനുവേണ്ടി രണ്ട് കോടിയിലധികം രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡ് വാടകയായി ആവശ്യപ്പെടുന്നത്. പൂരം ഇക്കൊല്ലം ഏപ്രിലിൽ എത്തുന്നത് കൊണ്ട് തന്നെ എക്സിബിഷൻ നേരത്തെ തുടങ്ങേണ്ടതുണ്ട്. വാടക സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് പൂര പ്രേമികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp