പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.
യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദർശിക്കും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ റഷ്യയിൽ നിന്നാണ് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ആയുധങ്ങൾക്കായും ഇന്ത്യ ആശ്രയിക്കുന്നത് റഷ്യയെയാണ്. മോദിയും പുതിനും തമ്മിൽ നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യത്തെയും സൈന്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ, ഫിഫ്ത് ജനറേഷൻ ഫൈറ്റർ എയർക്രാഫ്റ്റുകൾ, ആണവോർജ്ജ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. എന്നാൽ ഈ വിഷയങ്ങൾ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഏഷ്യൻ ശക്തികളിൽ ചൈനയുടെ അധീശത്വത്തോട് താത്പര്യമില്ലാത്ത അമേരിക്കയുടെ ഇപ്പോഴത്തെ പിന്തുണ ഇന്ത്യക്കുണ്ട്. എന്നാൽ യുക്രൈൻ വിഷയത്തോടെ റഷ്യയുമായി അകന്നിരിക്കുകയാണ് അമേരിക്ക. ഇന്ത്യ റഷ്യയോട് സൗഹൃദം തുടരുന്നതിനോട് അമേരിക്കയ്ക്ക് വിയോജിപ്പുണ്ടെങ്കിലും ചൈനയ്ക്കെതിരായ ശക്തി എന്ന നിലയിൽ ഇന്ത്യയെ പിണക്കാനും യു.എസ് തയ്യാറല്ല. മാത്രമല്ല, ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും തങ്ങളുടെ താത്പര്യങ്ങൾ തീർത്തും അവഗണിച്ചുള്ള നിലപാട് ഇന്ത്യ സ്വീകരിക്കില്ലെന്നും അമേരിക്ക വിശ്വസിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ചകളും നടന്നിട്ടില്ല. യുക്രൈൻ അധിനിവേശത്തിൽ കടുത്ത സമ്മർദ്ദം ഉണ്ടായപ്പോഴും റഷ്യക്ക് മേലെ ഉപരോധം തീർക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഐക്യരാഷ്ട്ര സഭയിൽ ഈ വിഷയത്തിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടാണ് എന്നും ഉയർത്തിയത്.