തിരുവനന്തപുരം തുമ്പ കിന്‍ഫ്രയില്‍ തീപിടുത്തത്തിനിടെ മരിച്ച ഫയര്‍മാന്‍ രഞ്ജിത്തിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തീയണക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം ചാക്ക ഫയര്‍ യൂണിറ്റിലെ ജീവനക്കാരനാണ് രഞ്ജിത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെയോടെ തീപിടിച്ചത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.
നിലവില്‍ രഞ്ജിത്തിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. മന്ത്രി ആന്റണി രാജു അടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്തിമോപചാരമര്‍പ്പിച്ചു. 2016ലാണ് രഞ്ജിത് ജോലിയില്‍ പ്രവേശിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ചാക്കയിലെത്തിയത്. പ്രളയ സമയത്തും ബ്രഹ്‌മപുരം തീപിടുത്ത സമയത്തും രഞ്ജിത്തിന്റെ സേവനമുണ്ടായിരുന്നു. അതേസമയം രഞ്ജിത്തിന്റെ കണ്ണുകളും ദാനം ചെയ്തു.