‘പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ട, പിരിച്ചുവിടും; സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല’; മന്ത്രി വീണാ ജോർജ്

എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രാഥമിക റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് മന്ത്രി പറഞ്ഞു. ടി വി പ്രശാന്തനെ പിരിച്ചു വിടുന്നതിന് മുൻപുള്ള നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ടെന്നും പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ലെന്നും വീണാ ജോർജ് പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ വേദന നേരിട്ട് അറിയാം. പ്രളയ കാലത്ത് എനിക്ക് ഒപ്പം പ്രവർത്തിച്ച ആളാണ് നവീൻ ബാബു. ‌വക്കാൽ പോലും ജീവിതത്തിൽ ഒരു കള്ളം പറയാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.പ്രിൻസിപ്പലിന്റെ റിപ്പോർട്ട് തൃപ്തികരമല്ലാത്തതു കൊണ്ടാണ് നേരിട്ട് അന്വേഷിക്കുന്നത്. ഡിഎംഇയെ താൻ തന്നെ നേരിട്ട് വിളിച്ചെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തൻ സർക്കാർ ജീവനക്കാരൻ ആകാനുള്ള റെഗുലറൈസ് പ്രക്രിയയുടെ പട്ടികയിൽ ഉള്ള ആളാണ്. സംഭവ ശേഷം ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.ടിപി പ്രശാന്തൻ ആണോ അപേക്ഷകൻ എന്നുള്ളത് മെഡിക്കൽ കോളജിന് അറിയില്ല. പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും പരിയാരത്തേക്ക് നാളെ പോയി അന്വേഷിക്കും. റെഗുലറസിങ് പ്രോസസ്സ് മുന്നോട്ടു കൊണ്ടുപോകില്ല. അതിനായി നിയമ ഉപദേശം തേടിയെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രശാന്തനെ മെഡിക്കൽ കോളേജിന്റെ ഭാഗമായി കൊണ്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ രണ്ട് അഭിപ്രായം പാർട്ടിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp