യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ അറസ്റ്റിലായി. രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി വി ശിവൻകുട്ടി രംഗത്തെത്തി.
തന്റെ ഫേസ്ബുക്കിലൂടെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്. നടൻ അജിത് കുമാറിന്റെ ചിത്രം ഉൾപ്പെടയുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. പ്രസിഡന്റ് ജയിലിൽ ആയതറിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടാൻ തയ്യാറെടുപ്പ് നടത്തുന്ന വോട്ടർ എന്നായിരുന്നു മന്ത്രി കുറിച്ചത്. നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന തെരെഞ്ഞടുപ്പിൽ വ്യാജ ഐ ഡി കാർഡ് നിർമിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതി അഭി വിക്രത്തിന്റെ ഫോണിൽ നിന്നാണ് ഐ ഡി കണ്ടെത്തിയത്. കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രേഖകൾ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്‍റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി അറിയിച്ചു.
ബുധനാഴ്ച്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സമരജ്വാല” എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അബിൻ അറിയിച്ചു.