പുതിയ സിനിമയുടെ വാര്‍ത്ത സമ്മേളനം തടഞ്ഞ് നടന്‍ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തീയറ്ററില്‍ വച്ചാണ് സംഭവം. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തീയറ്ററിന് ഉള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു.
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്. നടന്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെ ഏതാനും പേര്‍ കടന്നുവന്ന് അദ്ദേഹത്തോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാവേരി നദീജല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉടന്‍ പരിപാടി അവസാനിപ്പിക്കണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തിന്റെ സംഘാടകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ചിക്കു’ (ചിറ്റ) എന്ന സിനിമയുടെ പ്രമോഷനുവേണ്ടി കര്‍ണാടകത്തില്‍ എത്തിയതായിരുന്നു സിദ്ധാര്‍ഥ്.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്, പ്രതിഷേധക്കാര്‍ പരിപാടി തടയാന്‍ ശ്രമിച്ചപ്പോഴും നടന്‍ കന്നഡയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നത് കാണാം. പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ സിദ്ധാര്‍ഥ് പ്രതികരണങ്ങള്‍ക്കു നില്‍ക്കാതെ അവിടെ നിന്നും പോകുകയായിരുന്നു.