പ്രായമൊക്കെ എന്ത് ! 68ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്

സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്. നടന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി ശിവൻകുട്ടി രം​ഗത്ത് എത്തിയിട്ടുണ്ട്. തന്റെ അറുപത്തി എട്ടാം വയസിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോൾ പരീക്ഷ എഴുതുന്നത്. നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറഞ്ഞിരുന്നു.

സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ്  പറഞ്ഞിരുന്നു. 2018ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp