പ്രിയ വർഗീസിന്റെ നിയമനം, ഹൈക്കോടതി വിധി അന്തിമമല്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്. അതിനായാണ് താൻ കാത്തിരിക്കുന്നത്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും അഴിമതിയുടെ വിവരങ്ങളാണ് പുറത്തു വരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

പൊതുരംഗത്ത് നിൽക്കുന്ന വ്യക്തിയെ കുറിച്ച് ആക്ഷേപമൊന്നും ഉന്നയിക്കാൻ കിട്ടുന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ തേജോവധം ചെയ്യുക എന്നത് വളരെ പ്രാകൃതമായ രീതിയാണെന്ന് ഡോ. പ്രിയ വർഗീസ് പ്രതികരിച്ചിരുന്നു. അഭിമുഖ പരീക്ഷ നടക്കുന്നതിന്റെ തലേദിവസം മുതൽക്ക് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു എന്ന് പ്രിയ വർഗീസ് ട്വൻ്റിഫോറിനോട് പറഞ്ഞു. വിധി എതിരായി വരുമ്പോൾ മാധ്യമങ്ങൾ, മുഖ്യമന്ത്രിയുടെ ഓഫീസിലെ കെകെ രാകേഷിന്റെ ഭാര്യ എന്ന് പറയുകയും അനുകൂലമായി വരുമ്പോൾ പ്രിയ വർഗീസ് എന്ന് മാത്രം പറയുകയും ചെയ്യുന്നു എന്നും പ്രിയ വർഗീസ് കൂട്ടിച്ചേർത്തു.

“നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായി അധ്യാപന രംഗത്തേക്ക് വരുന്നവർക്ക് യുജിസി നൽകിയിട്ടുള്ള ഒരു പ്രത്യേക ആനുകൂല്യമാണ് എഫ്ഐപി എന്നുള്ളത്. അക്കാദമിക് മേഖലയിലുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെ അസിസ്റ്റൻറ് പ്രൊഫസർ ആയി വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, എഫ്ഐപിയിൽ ചെയ്യുന്ന പിഎച്ച്ഡ് ഗവേഷണമായാലും അതൊരു അധിക യോഗ്യത തന്നെയാണ്. കാരണം, അടിസ്ഥാന യോഗ്യത അവരെ സംബന്ധിച്ചിടത്തോളം നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായതാണ്. ആ കാര്യം യുജിസി റെഗുലേഷനിലൊക്കെ വ്യക്തമായിട്ടുള്ളതാണ്. ഇപ്പോഴത്തെ കോടതി വിധിയിൽ അത് അംഗീകരിച്ച് തരികയും ചെയ്തു. മാത്രമല്ല ഇവിടെ എന്റെ ടീച്ചിംഗ് എക്സ്പീരിയൻസിനെ ഇഴകീറി പരിശോധിച്ചവരാരും നാഷണൽ എലിജിബിലിറ്റി ടെസ്റ്റും ഡോക്ടറേറ്റും ഉള്ള ഒരു അധ്യാപകനും അതിൽ ഏതെങ്കിലും ഒന്നുമാത്രമുള്ള ഒരാളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചൊന്നും പരിശോധിച്ച് കണ്ടില്ല.”- ഡോ. പ്രിയ വർഗീസ് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp