പ്ലസ് ടൂ കോഴക്കേസ്: കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം.

കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. അതേസമയം ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോ എന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരോട് ചോദിച്ചു.

എന്നാല്‍ ഷാജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ എഫ്ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.

കെ.എം.ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്‌ഐആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp