മടക്കാനും തുറക്കാനും കഴിയുന്ന ഫോൾഡബിൾ ഫോണുകളടക്കം സ്മാർട്ട് ഫോൺ വിപണിയിൽ ക്ലച്ച് പിടിച്ചിരിക്കെ പുതിയ കൺസെപ്റ്റ് അവതരിപ്പിച്ച് മോട്ടറോള. ഫ്ലെക്സിബിൾ ഡിസ്‌പ്ലേയുള്ള ബെൻഡബിൾ ഫോണാണ് അവർ ലെനോവോ ടെക് വേൾഡ് 2023-ൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
പോൾഇഡ് ഡിസ്‌പ്ലേയുള്ള ഈ കൺസെപ്റ്റ് ഫോൺ ഇതിനകം വൻ ചർച്ചയായിട്ടുണ്ട്. കൈയ്യിൽ സ്മാർട്ട് വാച്ച് പോലെ ധരിക്കാൻ കഴിയുമെന്നതാണ് ഫോണിലെ ഏറ്റവും കൗതുകമുണർത്തുന്ന സവിഷേത. എന്നാൽ ഇത് ആദ്യമായല്ല ഒരു ബെൻഡബിൾ ഫോൺ അവതരിപ്പിക്കപ്പെടുന്നത്. 2016ൽ ഫ്രാൻസിസ്കോയിലെ ടെക് വേൾഡ് ഷോയിൽ ലെനോവോ വളയ്ക്കാനും കൈയിൽ ചുറ്റാനും സാധിക്കുന്ന ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരുന്നു. സി പ്ലസ് എന്നായിരുന്നു ആ ഫോണിന്റെ പേര്.
മോട്ടറോള ഇപ്പോൾ അവതരിപ്പിച്ച ഈ ഫോണിലെ അഡാപ്റ്റീവ് ഡിസ്പ്ലേ കൺസെപ്റ്റ് ഒരു സാധാരണ ആൻഡ്രോയിഡ് ഫോൺ അനുഭവത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഡിസ്‍പ്ലേ വലിപ്പം അതിനെ നിങ്ങൾ ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. 6.9 ഇഞ്ച് മുതൽ 4.6 ഇഞ്ച് വരെയുള്ള രീതിയിൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. ഉപയോക്താക്കൾക്ക് ഹാൻഡ്‌സ് ഫ്രീ അനുഭവം നൽകുന്ന ഒരു ബൈപോഡ് ആയി നിൽക്കാൻ ഈ ഫോണിന് കഴിയും.
അഡാപ്റ്റീവ് ഡിസ്പ്ലേ കൺസെപ്റ്റ് എന്നാണ് മോട്ടറോള ഈ പരീക്ഷണത്തിന് പേര് നൽകിയിരിക്കുന്നത്. അതേസമയം ഈ ബെൻഡിങ് സ്മാർട്ട്ഫോൺ വിപണിയിൽ എപ്പോൾ എത്തും എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും മോട്ടറോള നൽകുന്നില്ല.