ഫ്രീഡം ഫെസ്റ്റ് 2023: ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത്

വിവിധ സർക്കാർ ഏജൻസികളും സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യവും സാങ്കേതികവിദ്യാരംഗത്തെ മറ്റു സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. ടാഗോർ തീയേറ്ററാണ് മുഖ്യവേദി. ഓഗസ്റ്റ് 12 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായിവിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുന്നതിൽ സ്വതന്ത്ര വിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും അവയെ ജനങ്ങൾക്കു പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഈ അന്തർദേശീയ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. പതിനൊന്ന് വിഷയമേഖലകളിലായി സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ, സാംസ്കാരികപരിപാടികൾ, ഫിലിം പ്രദർശനങ്ങൾ, പുസ്തകോത്സവം, വർക്ക്ഷോപ്പുകൾ, സ്റ്റാർട്ടപ്പ് മേളകൾ തുടങ്ങിയവ ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുൾപ്പെടെയുള്ള വിദഗ്ധർ, ഗവേഷകർ, നയരൂപകർത്താക്കൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, വിദ്യാഭ്യാസപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്കുള്ള സെഷനുകളുമുണ്ടാകും. പ്രൊഫഷണൽ വിദ്യാഭ്യാസ നിന്ന് ഐഡിയാത്തോണിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർ പങ്കെടുക്കുന്ന യങ് പ്രൊഫഷണൽ മീറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം നടക്കും.

ഫ്രീഡം ഫെസ്റ്റ് -2023 ന്റെ വിജയകരമായ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി.ശിവൻകുട്ടി ചെയർമാനായും, വി.കെ.പ്രശാന്ത് എം.എൽ.എ. കൺവീനറായുമുള്ള സ്വാഗത സംഘം രൂപീകരിച്ചു. സമ്മേളനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് www.freedomfest2023.in നിലവിൽ വന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp