ഇന്ത്യന്‍ മധ്യവര്‍ഗ വിഭാഗത്തിന് നികുതി ഇളവുകള്‍ ഉള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും കാന്‍സര്‍ മരുന്നുകള്‍ക്കും ഉള്‍പ്പെടെ വില കുറയുമെന്ന് സൂചിപ്പിക്കുന്ന നിര്‍ണായക പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ചില സാധന സാമഗ്രികളുടെ വിലയും ചില സേവനങ്ങള്‍ക്കുള്ള ഫീസും ചില തീരുവയിലും വര്‍ധനവുമുണ്ടായിട്ടുണ്ട്. ബജറ്റിന് ശേഷം വില കൂടാനിടയുള്ളത് എന്തിനെല്ലാമെന്ന് പരിശോധിക്കാം. ഫ്‌ളാറ്റ് പാനലുകളുടെ ഇറക്കുമതിയുടെ തീരുവയില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയ്ക്ക് വില കൂടും. നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ക്കുള്ള വിലയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ അവശ്യ വസ്തുക്കളല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയ വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന വില ഉയരാനും സാധ്യതയുണ്ട്.അതേസമയം മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, സമുദ്ര ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയാണ് വില കുറയാന്‍ പോകുന്ന പ്രധാന ഉല്‍പ്പനങ്ങള്‍.
മൊബൈല്‍ ഫോണ്‍: മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന 28 ലധികം ഉല്‍പ്പന്നങ്ങളെ കാപ്പിറ്റല്‍ ഗുഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലിഥിയം ബാറ്ററിയുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. ലിഥിയം ബാറ്ററിയുടെ പ്രാദേശികമായ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍: ലിഥിയം – അയേണ്‍ ബാറ്ററികളുടെ നിര്‍മാണത്തിനായുള്ള ഉല്‍പ്പന്നങ്ങളെ ബേസിക് കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ ഇടയാക്കും.
ലെതര്‍ ഉത്പന്നങ്ങള്‍: വെറ്റ് ബ്ലൂ ലെതര്‍ പൂര്‍ണമായും കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കി
കരകൗശല വസ്തുക്കള്‍: കരകൗശല വസ്തുക്കളുടെ കയറ്റുമതിയെ പിന്തുണയ്ക്കാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.