ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ‘എയ്ഞ്ചൽ പട്രോൾ’

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവർക്കായി വലവിരിച്ച് മലപ്പുറം പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികൾ കേൾക്കാനും കുറ്റവാളികളെ പിടികൂടാനും ബസിൽ യാത്ര ചെയ്യും. ‘എയ്ഞ്ചൽ പെട്രോൾ’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

ബസുകളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇവ തടയുന്നതിനായി മലപ്പുറം പൊലീസിന്റെ വേറിട്ട ശ്രമം. ബസുകളിലെ ശല്യക്കാരെ കയ്യോടെ പിടികൂടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ബസുകളിൽ ഇതുപോലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യും. യാത്രക്കാർക്ക് ബോധവൽക്കരണം നൽകുന്നുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ത്രീകൾ പരാതിപ്പെടാൻ മടിച്ചാലും ബസിൽ യാത്ര ചെയ്യുന്ന പൊലീസുകാർ പ്രശ്നക്കാരെ കയ്യോടെ പിടികൂടും. പരാതികൾ കേൾക്കാൻ പൊലീസ് നേരിട്ട് എത്തുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി യാത്രക്കാരും പ്രതികരിച്ചു. ‘എയ്ഞ്ചൽ പെട്രോളി’ലൂടെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp