മലപ്പുറം: കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
എടവണ്ണ സ്‌റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനാണ് കിഴിശ്ശേരിയില്‍ ബസ് കാത്തു നില്‍ക്കവെ മര്‍ദനമേറ്റത്. കുഴിമണ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു അതിക്രമം നടന്നത്.
സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലാത്ത ബസ് കാത്തുനില്‍ക്കുന്ന കിഴിശ്ശേരി സ്വദേശിയായ മുഹമ്മദ് അന്‍ഷിദിനെയാണ് രണ്ടുപേര്‍ വന്ന് മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ നാഭിക്ക് ഉള്‍പ്പെടെയാണ് ചവിട്ടിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച വന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ അന്വേഷണം നടക്കുകയാണ്.