ഇടുക്കി: ബാങ്കില്‍ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന സ്വദേശിയും വ്യാപാരിയുമായ സാബു ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടണ് സാബു ബാങ്കില്‍ എത്തുന്നത്. 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 14 ലക്ഷം തിരികെ നല്കി. രണ്ട് ലക്ഷം രൂപയായിരുന്നു സാബു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാര്‍ പണം നല്കാന് തയ്യാറായില്ല. ഇതില്‍ മനംനൊന്തായിരുന്നു സാബു ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് സാബു ജീവനൊടുക്കിയത്.സാബുവിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്കാന് തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നു.