നാടിനെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തം നടന്ന് ഇന്നേക്ക് ഇന്ന് 35 വര്‍ഷം. 1988 ജൂലൈ എട്ടിനായിരുന്നു 105 പേരുടെ ജീവനെടുത്ത ആ മഹാദുരന്തം. കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് കേരളം കണ്ട വലിയ അപകടം സംഭവിച്ചത്.
മലയാളി മറക്കാത്ത മഹാദുരന്തമാണ് 1988ല്‍ നടന്നത്. ബംഗളുരുവില്‍ നിന്ന് പതിവുപോലെ കന്യാകുമാരി ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ഐലന്‍ഡ് എക്സ്പ്രസ്സ് കൊല്ലത്തെ പെരിനാടിനടുത്ത് എത്തുന്നു. ഉച്ചക്ക് 12 .56. മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞു വന്ന ട്രെയിന്‍ പെരുമണ്‍ പാലത്തില്‍ കയറി. എഞ്ചിന് പെരുമണ്‍ പാലം കടക്കുന്നു, നിമിഷങ്ങള്‍ക്കകം പാളം തെറ്റിയ ബോഗികള്‍ കാണാക്കയങ്ങളില്‍ വീണു. 105 ജീവനുകളാണ് മുങ്ങിപ്പോയ ബോഗികളില്‍ കുടുങ്ങി നഷ്ടമായത്. ഇരുനൂറോളം പേര്‍ക്ക് മാരകമായി പരുക്കേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്സും, പോലീസും ജീവന് പണയപ്പെടുത്തി നടത്തിയ രക്ഷാ പ്രവര്‍ത്തന ദൗത്യമാണ് മരണ സംഖ്യ കൂടാതെ കാത്തത്.
തടിച്ചു കൂടിയ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം ഉണ്ടാക്കിയെന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളത്തിനടിയില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍ മൃത ശരീരങ്ങളും കണ്ടെത്തുവാനായില്ല. മാപ്പിള ഖലാസികളുടെ വൈദഗ്ധ്യം കായലില്‍ വീണ ബോഗികള്‍ ഉയര്‍ത്തുവാന്‍ റെയില്‍വേ പ്രയോജനപ്പെടുത്തി. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉദിച്ചു വരുന്ന താരമായിരുന്ന രഞ്ജിത്ത് ഖാന്‍വില്‍ക്കറും മരിച്ചവരില്‍ പെടുന്നു.
അന്വേഷണത്തിന്റെ പ്രാരംഭ കഘട്ടത്തില്‍ റെയില്‍വെയുടെ അനാസ്ഥയാണ് കാരണമെന്ന് പറഞ്ഞു കേട്ടെങ്കിലും, പിന്നീട് ഐലന്‍ഡ് എക്സ്പ്രസ്സ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ പെടുകയായിരുന്നു എന്ന് റെയില്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. ദുരന്ത ദിവസം പാലത്തിലും സമീപത്തും അറ്റകുറ്റപണികള്‍ നടക്കുന്നുണ്ടായിരുന്നു. പാളം തെറ്റിയത് തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രെക്കിട്ടപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു ഉണ്ടായ ദുരന്തമാണെന്നും കഥകള്‍ പരന്നു.
പക്ഷെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇന്നും ദുരൂഹമായി നില്ക്കുന്നു. അപകടത്തിന് ശേഷം പെരുമണില്‍ പുതിയ പാലം നിര്‍മ്മിക്കപ്പെട്ടു. ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മരിച്ച മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷവും കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് അന്പതിനായിരവും രൂപയും നഷ്ടപരിഹാരം നല്കി. 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജി സിനിമയില്‍ ശങ്കര്‍ രാമകൃഷ്ണന് ഐലന്‍ഡ് എക്സ്പ്രസ്സ് എന്ന ഒരു ഹ്രസ്വ ചിത്രം പെരുമണ്‍ അപകടത്തെ ആസ്പദമാക്കി നിര്‍മിച്ചിരുന്നു.