രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്കി.പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആശങ്ക വേണ്ട, എന്നാല്‍ കൊവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അതിന്റെ അവസാനത്തിലേക്ക് എത്തുന്നത്. അപ്പോഴും മൂന്നാം തരംഗം അകലെയല്ലെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കിയിരുന്നു. ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങളാണ് ഇപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലുള്ളത്. വ്യാപന ശേഷി കൂടുതലുള്ള ബി എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് കേരളം.
ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ കുറവാണ്. ഡിസംബര്‍ മാസത്തില്‍ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. കൊവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും പ്രായോഗികമാക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
ആശങ്ക വേണ്ട എങ്കിലും അവധിക്കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. വായും മൂക്കും മൂടത്തക്ക വിധം മാസ്ക് ധരിക്കണം. പ്രായമായവര്‍ അനുബന്ധ രോഗമുള്ളവര്‍ കുട്ടികള്‍ എന്നിവരോട് പ്രത്യേക കരുതല്‍ വേണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന് എടുക്കാത്തവര്‍ വാക്സിന് എടുക്കണം. രോഗലക്ഷണമുള്ളവരില്‍ കൂടുതലായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കൊവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും തീരുമാനിച്ചു.