ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്: പ്രതി ബിനാമികളുടെ പേരില്‍ വാങ്ങിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍, മുഖ്യപ്രതി ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതിയുടെ സഹോദരങ്ങളുടെ വീട്ടില്‍ നിന്നും 60 ആധാരങ്ങളാണ് കണ്ടെടുത്തത്. ഇതിനിടെ മുഖ്യപ്രതിയായ എ.ആര്‍.ഗോപിനാഥിന്റെ സഹോദരന്‍ അവനീന്ദ്രനാഥിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

300 കോടിയുടെ ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ പ്രതികള്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ ആധാരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. മുഖ്യപ്രതിയായ എ.ആര്‍.ഗോപിനാഥന്‍ ബന്ധുക്കളുടേയും ബെനാമികളുടേയും പേരില്‍ വാങ്ങിക്കൂട്ടിയ 120 വസ്തുക്കളുടെ ആധാരങ്ങളാണ് കണ്ടെടുത്തത്. ബാലരാമപുരത്തുള്ള പ്രതിയുടെ സഹോദരന്റെ വീട്ടില്‍ നിന്നും 60 പ്രമാണങ്ങളാണ് കണ്ടെത്തിയത്. ഗോപിനാഥന്റെ പരവൂരിലെ വീട്ടില്‍ നിന്നും അറുപതിലധികം ആധാരങ്ങളും കൊല്ലം മാമ്പുഴയിലുള്ള പരിചയക്കാരന്റെ വീട്ടില്‍ നിന്ന് രേഖകളും അന്വേഷണ സംഘം മുമ്പ് പിടിച്ചെടുത്തിരുന്നു.

120 സര്‍വേ നമ്പരുകളിലായി ഗോപിനാഥ് സ്ഥലം വാങ്ങിക്കൂട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലരാമപുരത്തും കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലുമാണ് സ്ഥലങ്ങള്‍ വാങ്ങിയത്. ഇതിനായി സഹകരണ സംഘത്തില്‍ നിന്നും തട്ടിയെടുത്ത തുക ഉപയോഗിച്ചു. ബഡ്‌സ് ആക്ട് കൂടി കേസില്‍ നടപ്പാക്കിയതോടെ ബന്ധുക്കളുടെയും പരിചയക്കാരുടേയും പേരില്‍ വാങ്ങിയ ഭൂമി വില്‍ക്കാന്‍ കഴിയാതെയായി. എന്നാല്‍ ഇതിനു മുമ്പായി കോടികളുടെ ഭൂമി മറിച്ചുവിറ്റെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp