ബിഹാറില്‍പാലം തകര്‍ന്നുവീണു. 13 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം അഞ്ച് വര്‍ഷമായെങ്കിലും പാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാല്‍ തുറന്നുകൊടുത്തിരുന്നില്ല. ബിഹാറിലെ ബെഗുസരായിജില്ലയിലാണ് സംഭവം നടന്നത്. ബുര്‍ഹി ഗന്ധക് നദിക്ക് കുറുകെയാണ് പാലം നിർമിച്ചത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലം തകര്‍ന്നത്.
പുലർച്ചെയാണ് സംഭവം നടന്നത്. പാലത്തിനുമുകളില്‍ ആളുകളില്ലാത്തതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ട്രാക്ടറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാറുണ്ട്.
പാലത്തിന്റെ രണ്ട്- മൂന്ന് തൂണുകള്‍ക്കിടയിലെ ഭാഗം തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. 206 മീറ്റര്‍ നീളമുണ്ട് പാലത്തിന്. പാലത്തില്‍ കഴിഞ്ഞ ദിവസം വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മാ ഭഗവതി എന്ന പേരിലുള്ള കമ്പനിയാണ് പാലത്തിന്റേയും റോഡിന്റേയും നിര്‍മാണം നടത്തിയത്.