ബെം​ഗളൂരുവിലെ ഫ്ലാറ്റിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ചു; പത്തനംതിട്ടക്കാരി സിമി നായർക്കെതിരെ പൊലീസ് കേസെടുത്തു

ബെം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാ​ഗമായി ബെം​ഗളൂരുവിലെ ഫ്ലാറ്റിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച പത്തനംതിട്ട സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംപിഗെഹള്ളി പൊലീസ് സിമി നായർ എന്ന യുവതിക്കെതിരെ കേസെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിൻറെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീർത്ത പൂക്കളം സിമി നായർ നശിപ്പിക്കുന്നതിന്റെ വീഡിയോ ​​ദൃശ്യങ്ങൾ സമൂ​ഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തർക്കിക്കുന്നതും ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയുമായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു.

ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകുന്നതും കാണാം. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അം​ഗീകരിക്കുന്നില്ല. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമർശനം ഉയരുന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി ഫ്ലാറ്റിലെ വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp