കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണശ്രമം. സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്.പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു
അര്‍ദ്ധരാത്രിയില്‍ കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം. അപരിചിതരായ രണ്ടു പേര്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതില്‍ സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് പറയുകയായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലെ ഡ്രൈവറാണ് വിളിച്ച് പറഞ്ഞത്. സഞ്ചിയുമായി രണ്ടു പേര്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതായും മോഷണത്തിനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായുമാണ് ലോറി ഡ്രൈവര്‍ വിളിച്ച് അറിയിച്ചത്.
പൊലീസ് ഉടന്‍ സ്ഥലത്ത് എത്തുമെന്ന സംശയത്തില്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലിവര്‍, പൂട്ട് പൊളിക്കുന്ന കട്ടര്‍ എന്നിവ സഞ്ചിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു.സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.