ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു.സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അനധികൃതമായി ആളുകളെ ജയിലിൽ എത്തിച്ചതിൽ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഡിഐജിക്കെതിരെ ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ജീവനക്കാർ മൊഴി നൽകുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം,മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ റിപ്പോർട്ട് നൽകിയത്.ഈ റിപ്പോർട്ടിന്മേൽ ആഭ്യന്തരവകുപ്പ് സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.സർവീസിൽ നിന്നും വിരമിക്കാൻ ആറുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് മധ്യമേഖല ജയിൽ DIG ക്ക് എതിരെ അച്ചടക്കനടപടി ശുപാർശ ചെയ്യുന്നത്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ലഭ്യമായ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp