ബോബി ചെമ്മണ്ണൂരിൽ അവസാനിപ്പിക്കില്ല! 20 യൂട്യൂബ് ചാനലുകൾക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങൾ കൈമാറും

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്‍റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇത് ഫോറൻസിക പരിശോധനയ്ക്ക് അയക്കും. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp