‘ബ്രഹ്മപുരത്ത് അട്ടിമറിയില്ല’; തീവച്ചതിനു തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ബ്രഹ്മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രാസ വിഘടന പ്രക്രിയയാകാം തീപിടുത്തത്തിന് കാരണം. ബ്രഹ്മപുരത്ത് തീ കെടുത്താനുള്ള സംവിധാനങ്ങളില്ലാതിരുന്നതാണ് സങ്കീർണ സാഹചര്യത്തിന് കാരണമായത്. തീപിടുത്തമുണ്ടായത് വൈകീട്ട് 3.58 നാണ്. സി സി ടി വി യിൽ ഒരു ഭാഗത്ത് മൂന്ന് മിനിട്ട് കൊണ്ട് തീ പിടിക്കുന്നത് വ്യക്തമാണ്. പല ഭാഗങ്ങളിലും തീ പിടിച്ചെന്ന ആരോപണവും തെറ്റെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറിൽ നിന്ന് സോൺട കമ്പനിയെ ഒഴിവാക്കാൻ കെഎസ്‌ഐഡിസിക്ക് കോർപറേഷൻ സെക്രട്ടറിയുടെ കത്ത് നൽകിയിരുന്നു. ബ്രഹ്‌മപുരം കരാർ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ കത്ത് കൈമാറിയിരിക്കുന്നത്. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദറാണ് കെഎസ്‌ഐഡിസിക്ക് കത്ത് കൈമാറിയത്.

തീപിടുത്തം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല എന്നുൾപ്പെടെയാണ് കോർപറേഷൻ ആരോപിക്കുന്നത്. ഭരണസമിതിയുടെ അറിവോടെയാണ് കത്ത് കൈമാറിയിരിക്കുന്നതെന്നാണ് വിവരം. കൊച്ചി കോർപറേഷനിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് കോർപറേഷൻ സെക്രട്ടറി കത്ത് കൈമാറിയിരിക്കുന്നത്.

തീപിടുത്തമുണ്ടായാൽ കരാർ കമ്പനിയ്ക്ക് അതിൽ ഉത്തരവാദിത്തമുണ്ടെന്ന് കൊച്ചിൻ കോർപറേഷൻ മേയർ ഉൾപ്പെടെ മുൻപ് വ്യക്തമാക്കിയിരുന്നു. കമ്പനി കരാർ ഏറ്റെടുക്കുമ്പോൾ ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത അവർക്കുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് മേയർ ട്വന്റിഫോറിനോട് പറഞ്ഞു. ബ്രഹ്‌മപുരം തീപിടുത്തത്തിന് കാരണമായത് ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചത് കൊണ്ടാണെന്നായിരുന്നു കരാർ കമ്പനിയുടെ പ്രധാന വാദം. തീപിടുത്തത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും സോൺട ഇൻഫ്രാടെക് എം ഡി രാജ്കുമാർ ചെല്ലപ്പൻ പറഞ്ഞിരുന്നു.

ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീർണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗിൽ നിന്ന് ശേഖരിച്ച ആർഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെയാണ്. ആർഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതൽ ഊർജ പ്ലാന്റ് വരെയുള്ള മേഖലയിൽ കൂട്ടിയിടുകയായിരുന്നു. ആർഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp