മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്മപുരത്ത് ജൂണ്‍ നാലിന് മുന്‍പ് എങ്ങനെ ബയോ മൈനിങ്ങ് തീര്‍ക്കാനാകുമെന്ന് ഹരിത ട്രൈബ്യൂണല്‍ ചോദ്യമുന്നയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവോയിരുന്നു ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം. മണ്‍സൂണിന് മുന്‍പ് മാലിന്യം ബയോമൈനിങ് നടത്തിയില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുഴയിലെ വെള്ളത്തില്‍ ബ്രഹ്മപുരത്തെ മാലിന്യം ഒഴുകിയെത്തുമെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇത് തടയാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് കോര്‍പ്പറേഷനും സര്‍ക്കാരിനും ഹരിത ട്രൈബ്യൂണല്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വിശദമായ ശാസ്ത്രീയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
കരിഞ്ഞ മാലിന്യങ്ങള്‍ മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് കൈകാര്യം ചെയ്യണമെന്നതാണ് ട്രൈബ്യൂണല്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുന്‍പ് ബയോമൈനിംഗ് തീര്‍ക്കാനാകുമെന്നായിരുന്നു ട്രൈബ്യൂണലിന് നല്‍കിയ കത്തിലൂടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ തിയതിയിലേക്ക് കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്ന് കാട്ടി ട്രൈബ്യൂണല്‍ ബയോമൈനിംഗ് തീരുമോയെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബയോമൈനിംഗ് ഈ തിയതിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുക എന്നത് അപ്രായോഗികമാണ്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ ആവശ്യമാണെന്നും ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.