ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം

ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്‌.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് കിക്ക്‌ ഓഫ് ചെയ്ത സഹലിനും, വധുവിനും ആശംസകൾ അറിയിച്ച് ആരാധകരും രംഗത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സഹൽ അബ്ദുൾ സമദ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചന. ബ്ലാസ്റ്റേഴ്സുമായുള്ള ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ച് താരം കൊൽക്കത്തൻ വമ്പൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറുകയാണെന്നാണ് വിവരം. കരാർ കാര്യത്തിൽ ബാക്കി നടപടികളെല്ലാം പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നുമാണ് സൂചനകൾ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp