ഭക്ഷണത്തില്‍ ‘ഫ്രഷ് ‘ഇല്ല, കിട്ടണമെങ്കില്‍ മൂന്നുമാസം കഴിയണം; സുനിതയ്ക്കായി സംസ്കരിച്ച ഭക്ഷണം ആവശ്യത്തിനുണ്ടെന്ന് നാസ

എല്ലാ തരത്തിലും വേറിട്ടതാണ് ബഹിരാകാശത്തെ ജീവിതം. ഭൂമിയില്‍ നിന്നും ഒരു സാധാരണ മനുഷ്യന് കാണാനും അനുഭവിക്കാനും സാധിക്കാത്ത പലതും ബഹിരാകാശനിലയത്തിലെ ഒരു സഞ്ചാരിക്ക് സാധ്യമാണ്. അതുപോലെ തന്നെ ഭൂമിയുമായി ഇണങ്ങി ജീവിക്കാൻ പ്രാപ്തമായ ശരീരത്തിന് ബഹിരാകാശത്തെ പ്രത്യേകതകൾ നിമിത്തം പല മാറ്റങ്ങളും സംഭവിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്.)ത്തില്‍ ഭക്ഷണം ആവശ്യത്തിനുണ്ടെങ്കിലും ‘ഫ്രഷ് ഫുഡി’ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പിസ, റോസ്റ്റ് ചിക്കന്‍, ഷ്രിംപ് കോക്ടെയില്‍ തുടങ്ങിയവയാണ് സുനിതയും ബുച്ചും കൂടുതലായും കഴിക്കുന്നത്. പക്ഷേ, ഇരുവരുടെയും ഭക്ഷണക്രമത്തില്‍ വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമേ ഉള്ളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്ത് പുറത്തുവന്ന ചിത്രങ്ങള്‍, സുനിതാ വില്യംസിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നവയായിരുന്നു. കവിളുകള്‍ ഒട്ടിയ നിലയിലും പ്രത്യക്ഷത്തില്‍ത്തന്നെ ക്ഷീണം തോന്നിക്കുംവിധത്തിലുമായിരുന്നു ആ ചിത്രങ്ങളിൽ സുനിത.

ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണദൗത്യത്തിന്റെ ഭാഗമായി ഇക്കൊല്ലം ജൂണ്‍ അഞ്ചിനാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശനിലയത്തില്‍ എത്തിയത്. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ പേടകത്തിന്റെ സഞ്ചാരവേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലകുറി തടസ്സപ്പെട്ടു. ഹീലിയം ചോര്‍ച്ചയുമുണ്ടായി. ഇതോടെയാണ് ഇവര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയത്. 2025 ഫെബ്രുവരിയിലാകും ഇവര്‍ക്ക് തിരികെയെത്താന്‍ കഴിയുക എന്നാണ് സൂചന.

ധാന്യങ്ങള്‍ ചേര്‍ത്ത പ്രഭാതഭക്ഷണം, പൗഡര്‍രൂപത്തിലുള്ള പാല്‍, പിസ, ഷ്രിംപ് കോക്ടെയില്‍, റോസ്റ്റ് ചിക്കന്‍, ട്യൂണ തുടങ്ങി വിവിധതരത്തിലുള്ള ഭക്ഷണങ്ങള്‍ സുനിതയ്ക്കും ബുച്ചിനും ലഭ്യമാണെന്നും ഇതിലൂടെ ആവശ്യത്തിന് കലോറി ഇരുവര്‍ക്കും ലഭ്യമാകുന്നുണ്ടെന്നും സ്റ്റാര്‍ലൈനര്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരില്‍ ഒരാള്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പ്രതികരിച്ചു.

എന്നിരുന്നാലും, ഇവരുടെ ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും പരിമിതമാണ്. കാരണം, ഐ.എസ്.എസിലേക്ക് ഭക്ഷണം പുതുതായി വിതരണം ചെയ്യണമെങ്കില്‍ മൂന്നുമാസം വേണ്ടിവരും. ബഹിരാകാശ നിലയത്തില്‍ പ്രതിദിനം 1.7 കിലോ ഗ്രാം ഭക്ഷണമാണ് ഓരോ ബഹിരാകാശ സഞ്ചാരിക്കും ലഭ്യമാക്കുക എന്നാണ് നാസ പറയുന്നത്. ഭൂമിയില്‍നിന്ന് പാകംചെയ്ത് അയക്കുന്ന ഭക്ഷണം ഐ.എസ്.എസില്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ബഹിരാകാശ നിലയത്തില്‍ കഴിയുന്നവര്‍ക്ക് മികച്ച പരിചരണമാണ് ഉറപ്പാക്കുന്നതെന്നും അവിടുത്തെ എന്തെങ്കിലും അസൗകര്യം കൊണ്ടല്ല സുനിതയ്ക്ക് ഭാരക്കുറവുണ്ടായതെന്നും ന്യൂയോര്‍ക്ക് ടൈംസിനോടു പ്രതികരിച്ച വിദഗ്ധരില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു. നിലയത്തില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ദൗത്യം നീണ്ടാലും ബുദ്ധിമുട്ടുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

നാസ പുറത്തുവിട്ട ചിത്രങ്ങളിലെ ശരീരഭാരം കുറഞ്ഞ സുനിതയുടെ രൂപമാണ് ഐ.എസ്.എസിലെ ബഹിരാകാശ സഞ്ചാരികളുടെ ഭക്ഷണക്രമത്തെ കുറിച്ചുള്ള വലിയ വാര്‍ത്തകള്‍ക്ക് വഴിതെളിച്ചത്. അതേസമയം, വിവാദങ്ങളെ നിരാകരിച്ച സുനിത, അന്തരീക്ഷത്തില്‍ ഗുരുത്വാകര്‍ഷണമില്ലാത്തതാണ് തന്റെ ഭാരംകുറഞ്ഞതിന് കാരണം എന്ന് വ്യക്തമാക്കിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp