‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; വിധവയായ അമ്മയെ ബലാത്സം​ഗം ചെയ്ത മകന് ജീവപര്യന്തം തടവ്

ലഖ്നൗ: വിധവയായ അമ്മയെ ബലാത്സം​ഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ആബിദിനെ (36) ആണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാൾക്കെതിരേ ചുമത്തി.

പബ്ലിക് പ്രോസിക്യൂട്ടർ വിജയ് ശർമ പറയുന്നതനുസരിച്ച്, കഴിഞ്ഞവർഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം. വളര്‍ത്തുമൃ​ഗങ്ങൾക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് അമ്മയെ ഇയാൾ ക്രൂരമായി ബലാത്സം​ഗം ചെയ്യുകയായിരുന്നു.

ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും അമ്മയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ സംഭവം സ്ത്രീ അയൽവാസികളോട് പറഞ്ഞു. അയൽവാസികൾ പിന്നീട് സ്ത്രീയുടെ ഇളയമകനെ വിവരം അറിയിച്ചു.

തുടർന്ന്, 2023 ജനുവരി 22-ന് പ്രതിയായ ആബിദിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഒരു വർഷം നീണ്ട വാദത്തിനൊടുവിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp