തിരുവനന്തപുരം∙ ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ നാലു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്.
2021 മുതല്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നാണ് പരാതി. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഭാര്യ നന്ദയെ ഭീഷണിപ്പെടുത്തിയാണ് ശരത് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത്, തുടര്‍ന്ന് തന്നോടൊപ്പം താമസിക്കണമെങ്കില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തനിക്ക് അവസരമൊരുക്കി തരണമെന്ന് അവരെ ഭീഷണിപ്പെടുത്തി. ഭീഷണിക്കു വഴങ്ങിയ നന്ദ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് ശരത് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, എസ്‌ഐമാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാര്‍, എഎസ്‌ഐ ഉണ്ണിരാജ്, എസ്‌സിപിഒ മാരായ ശരത് കുമാര്‍, നിതിന്‍, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.