ഭീതിയുടെ മുനമ്പിൽ നിന്ന് ആശ്വാസതീരത്തേക്ക്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി

ഇസ്രയേൽ-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാ​ഗമായ രണ്ടാം വിമാനം ഡൽഹിയിലെത്തി. AI 140 വിമാനമാണ് ഡൽഹിയിലെത്തിയത്. രണ്ടാം ഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ‌ 16 പേർ മലയാളികളാണെന്നാണ് വിവരം. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. 

മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു.ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.

ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർസൗരഭ് ജെയിൻ അറിയിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp