ബെര്‍ലിന്‍ : ലോകത്തെ ഏറ്റവും വലിയ അക്വേറിയങ്ങളില്‍ ഒന്നായ ‘അക്വാഡോം’ തകര്‍ന്നു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ‘റാഡിസണ്‍ ബ്ലൂ’ എന്ന ഹോട്ടലിന്റെ ലോബിയിലായിരുന്നു നീണ്ട സിലിണ്ടര്‍ ആകൃതിയിലുള്ള ഈ അക്വേറിയം.
ലോകത്തെ ഏറ്റവും വലിയ സിലിണ്ട്രിക്കല്‍ അക്വേറിയം കൂടിയായിരുന്നു അക്വാഡോം. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 10.20ഓടെയാണ് ( പ്രാദേശിക സമയം രാവിലെ 5.50 ) അക്വാഡോം തകര്‍ന്നത്.
ടാങ്ക് പൊട്ടിയതോടെ അതിനുള്ളിലുണ്ടായിരുന്ന പത്ത് ലക്ഷം ലിറ്റര്‍ ജലവും 1,500 മത്സ്യങ്ങളും പുറത്തേക്ക് തെറിച്ചു. ജലം ഹോട്ടലിലും സമീപത്തെ തെരുവിലും നിറഞ്ഞു. ടാങ്കിന്റെ ഗ്ലാസ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ടാങ്കിലുണ്ടായിരുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും ചത്തു.