പാലക്കാട്: ‘ഭർത്താവിന് കൂട്ടുകാർക്കൊപ്പം രാത്രി ഒമ്പതുവരെ ചെലവഴിക്കാൻ അനുമതി നൽകിക്കൊണ്ട് വധു ഒപ്പിട്ട മുദ്രപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ശനിയാഴ്ച വിവാഹം നടന്ന കൊടുവായൂർ മലയക്കോട് വി എസ് ഭവനിൽ എസ് രഘുവിന്‍റെ സുഹൃത്തുക്കൾക്കാണ് ഭാര്യ കാക്കയൂർ വടക്കേപ്പുര വീട്ടിൽ അർച്ചന മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകിയത്. ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോൺ ചെയ്ത് ബുദ്ധിമുട്ടിക്കില്ലെന്നും അർച്ചന മുദ്രപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ സമ്മാനമായാണ് ഈ മുദ്രപത്രം വരന്‍റെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. വധുവരൻമാരുടെ സമ്മതത്തോടെയാണ് മുദ്രപത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രാത്രി ഒമ്പത് മണിവരെ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുമ്പോൾ ഫോൺ ചെയ്ത് ശല്യപ്പെടുത്തില്ലെന്ന വാചകമാണ് സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാകാൻ കാരണം.
ഏതായാലും വൈറൽ മുദ്രപത്രം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ ഉയർന്നു കഴിഞ്ഞു. മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയ വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുപ്രധാന ചുവടുവെയ്പ്പാണ് ഈ മുദ്രപത്രമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്നാൽ ഇതിനെ ഒരു തമാശയായി കണ്ടാൽ മതിയെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. വരനും വധുവിനും സുഹൃത്തുക്കൾക്കും ആശംസകൾ നേരാനും നിരവധിപ്പേർ എത്തുന്നുണ്ട്. ഏതായാലും വൈറൽ മുദ്രപത്രത്തിന് ലൈക്കുകളും കമന്‍റുകളും കുമിഞ്ഞുകൂടുകയാണ്. നൂറുകണക്കിന് പേരാണ് ഈ മുദ്രപത്രം ഷെയർ ചെയ്തിരിക്കുന്നത്. കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പടെ ഈ മുദ്രപത്രം ഷെയർ ചെയ്യപ്പെടുന്നുണ്ട്.