ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. മുൻ ഭർത്താവിനെതിരെ 53 കാരി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. നേരത്തെ ഇതേ ഹർജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
‘ഭർത്താവ് സ്വന്തം അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നു, സാമ്പത്തിക സഹായം നൽകുന്നു എന്നതാണ് ഹർജിക്കാരിയുടെ പരാതി. ഇത് ഗാർഹിക പീഡനമായി കണക്കാക്കാനാവില്ല. കൂടാതെ ഭർത്താവിൻ്റെ എൻആർഇ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുകയും ഹർജിക്കാരി സ്വന്തം പേരിൽ ഒരു ഫ്ലാറ്റ് വാങ്ങുകയും ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു’- ജഡ്ജി പറഞ്ഞു.
2008 ലാണ് യുവതി കോടതിയെ സമീപിക്കുന്നത്. 1992 ൽ താൻ വിവാഹിതയായി. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ഭർത്താവ് തന്നെ വിവാഹം കഴിച്ചത്. രണ്ടു വർഷത്തിനുശേഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജോലിക്ക് പോകാൻ അമ്മായിയമ്മ അനുവദിച്ചിരുന്നില്ല. കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം ചേർന്ന് തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് താനുമായി വഴക്കിടാറുണ്ട്. അമ്മയാണ് ഇതിന് പ്രേരണ നൽകുന്നതെന്നും യുവതി. 1996 മുതൽ 2004 വരെ വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് ഭർത്താവ് അമ്മയ്ക്ക് പണം അയച്ചുകൊടുത്തതായും യുവതി പരാതിപ്പെട്ടു.
തൻ്റെ ഭാര്യ അത്യാഗ്രഹിയായിരുന്നെന്നും എൻആർഇ അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ പിൻവലിച്ചെന്നും തന്നെ ഒരിക്കലും ഭർത്താവായി കണക്കാക്കിയില്ലെന്നും ഭർത്താവ് വാദിച്ചു. ഭാര്യയുടെ ക്രൂരതയെ തുടർന്ന താൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. 2016 ൽ സെഷൻസ് കോടതി യുവതിയുടെ ഹർജി തള്ളി.
ഇതിനെതിരെയാണ് യുവതിയെ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിക്കാരി കേന്ദ്രസർക്കാർ ജീവനക്കാരിയാണെന്നും മകൾക്ക് 29 വയസ്സ് ഉള്ളതിനാലും ജീവനാംശത്തിന് അർഹ അല്ലെന്നും കോടതി വിധിച്ചു.