മകളുടെ കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടു; പെൺകുട്ടിയുടെ മുൻ സുഹൃത്തുൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ

മകളുടെ കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടു. ഇന്നലെ അർദ്ധരാത്രി വർക്കല വടശ്ശേരികോണത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശി രാജനാണ് മരിച്ചത്. 61 വയസ്സായിരുന്നു. പെൺകുട്ടിയുടെ മുൻസുഹൃത്ത് ജിഷ്ണുവിനേയും സംഘത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിഷ്ണുവിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളത്.

ഓട്ടോ ഡ്രൈവറായ രാജന്റെ മകളുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ തലേന്ന് കല്യാണവുമായി ബന്ധപ്പെട്ട സ്വീകരണ പരിപാടികൾ നടത്തിയിരുന്നു. പരിപാടികൾ അവസാനിച്ച് ബന്ധുക്കൾ മടങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. ഇന്നലെ ജിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെൺകുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവർ ഇടപെട്ടതോടെ പ്രതികൾ അതിക്രമം തുടങ്ങി. തുടർന്ന്, പെൺകുട്ടിയെ അടക്കം ഇവർ മർദ്ദിക്കുകയായിരുന്നു. തർക്കത്തിനിടെ മൺവെട്ടി കൊണ്ട് പെൺകുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്

പ്രതിയും സംഘവും വിവാഹവീട്ടിലെത്തിയത് ആരും ഇല്ലാതിരുന്ന സമയതെന്ന് പെൺകുട്ടിയുടെ ബന്ധു ഗുരുപ്രിയ പറഞ്ഞു. നേരത്തെ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന താല്പര്യം പ്രതി പ്രകടിപ്പിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ വിവാഹ താല്പര്യം കുടുംബം നിഷേധിച്ചു. ഇതാകാം ആക്രമണത്തിലേക്കും കൊലയിലേക്കും നയിച്ചതെന്ന് ബന്ധു പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp