മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം.

ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കും. സഹായം സുഗമമാക്കുന്നതിന് വിവിധ ജില്ലകള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

മണിപ്പൂരില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ ആലിപ്പഴവര്‍ഷം 15 മിനിറ്റോളം നീണ്ടുനിന്നു. ഇംഫാല്‍ താഴ്വരയിലെ വീടുകള്‍ക്കും മരങ്ങള്‍ക്കും സാരമായ കേടുപാടുകളാണുണ്ടായത്. പലയിടത്തും നാല് മുതല്‍ അഞ്ച് ഇഞ്ച് വരെ കനത്തിലാണ് ആലിപ്പഴവര്‍ഷമുണ്ടായത്. അതേസമയം ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp