മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗത; വന്ദേ മെട്രോ അടുത്തമാസം ട്രാക്കിലെത്തുമെന്ന് അധികൃതർ

ചെന്നൈ: രാജ്യത്ത് വന്ദേ മെട്രോ ഉടനെത്തും. അടുത്തമാസം വന്ദേമെട്രോ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ആദ്യ വന്ദേ മെേട്രാ ട്രെയിൻ ചെന്നൈയിൽനിന്ന് തിരുപ്പതിയിലേക്കായിരിക്കും ഓടിക്കുകയെന്നും അധികൃതർ സൂചിപ്പിച്ചു.

പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 12 കോച്ചുള്ളതാണ് വന്ദേ മെട്രോ ട്രെയിൻ. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന മെമുവിന്റെ പരിഷ്കരിച്ച രൂപമാണിത്.

മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും വന്ദേ മെട്രോ ട്രെയിൻ ഓടിക്കുക. ശീതീകരിച്ച മെട്രോ ട്രെയിനിന്റെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകർഷണങ്ങളായിരിക്കും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേയും മൊബൈൽ ചാർജിങ് പ്ലഗുകളുമുണ്ടാകും. ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.

സി.സി.ടി.വി.ക്യാമറകൾ, എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകൾ, മികച്ച ശൗചാലയങ്ങൾ എന്നിവയും പ്രത്യേകതകളാണ്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ടാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp