മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp